സുൽത്താൻ ബത്തേരി: ജില്ലയെ ആശങ്കയിലാഴ്ത്തിയ മാല കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി വയനാട് പോലീസിന്റെ പിടിയിലായി. തമിഴ്നാട് സ്വദേശികളായ മധുരൈ ചിന്താമണി എം. രവി (48), ശിവഗംഗ മടപുര എം. മാരിമുത്തു എന്ന പാണ്ഡ്യൻ (39) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. മലപ്പുറം ഐക്കരപ്പടിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന മുറിയിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ബത്തേരിയിലെ മാലകവർച്ചാ കേസിൽ നേരത്തെ അറസ്റ്റിലായവരുടെ കൂട്ടാളികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ഇതോടെ മാലകവർച്ചാ കേസുകളിൽ ജില്ലയിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
17ന് ഉച്ചയോടെയാണ് അമ്മായിപ്പാലത്ത് നിന്ന് ബത്തേരിയിലേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത നെൻമേനി സ്വദേശിയായ വയോധികയുടെ മൂന്ന് പവൻ മാലയും ഒരു ഗ്രാം താലിയും അടങ്ങുന്ന ഏകദേശം 3.82 ലക്ഷം രൂപ വിലവരുന്ന ആഭരണം സംഘം കവർന്നത്. ബത്തേരി ഗാന്ധി ജംഗ്ഷനിലെത്തിയപ്പോഴാണ് മോഷണം നടന്നതായി വയോധിക അറിയുന്നത്.
സംഭവത്തിൽ പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തി. മണിക്കൂറുകൾക്കകം മധുരൈ സ്വദേശികളായ അളകനല്ലൂർ ഈശ്വരി (47), അളകനല്ലൂർ രമ്യ (30) എന്നിവരെ മീനങ്ങാടി പഞ്ചായത്ത് പരിസരത്തുനിന്ന് പിടികൂടി. മീനങ്ങാടിയിലെ ഫാൻസി കടയിൽനിന്ന് കോസ്മറ്റിക് ഉത്പന്നങ്ങൾ മോഷ്ടിച്ചതും ഇവരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഇരുവരും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയതെന്നും അന്വേഷണത്തോട് പൂർണമായി സഹകരിച്ചില്ലെന്നും പോലീസ് പറഞ്ഞു. എന്നാൽ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ഈശ്വരിയുടെ ഭർത്താവായ രവിയിലേക്കും രമ്യയുടെ ഭർത്താവായ മാരിമുത്തുവിലേക്കും അന്വേഷണം എത്തുകയായിരുന്നു. മോഷണത്തിലൂടെ ലഭിക്കുന്ന സ്വർണാഭരണങ്ങൾ വിൽപ്പന നടത്തി വീതംവയ്ക്കുന്നതാണ് സംഘത്തിന്റെ രീതിയെന്നാണ് പോലീസ് കണ്ടെത്തൽ. ഈശ്വരിക്കെതിരേ പാനൂർ, വാടാനപ്പള്ളി, അടൂർ പോലീസ് സ്റ്റേഷനുകളിലും രമ്യക്കെതിരേ തൃശൂർ വെസ്റ്റ്, കൊയിലാണ്ടി പോലീസ് സ്റ്റേഷനുകളിലും മോഷണക്കേസുകളുണ്ട്.